ബഹ്‌റൈനില്‍ ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം കശ്മീരിന് വേണ്ടി റാലി നടത്തിയ പാക്കിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കുമെതിരെ നിയമ നടപടിയെടുത്ത് ഭരണകൂടം; മതപരമായ അവസരങ്ങളെ രാഷ്ട്രീയമായി ചൂഷണം ചെയ്യരുതെന്നും നിര്‍ദേശം
കശ്മീര്‍ വിഷയത്തില്‍ റാലി നടത്തിയ പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെ ഗള്‍ഫ് രാഷ്ട്രമായ ബഹ്‌റൈന്‍ നിയമനടപടി സ്വീകരിച്ചു. ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചില ദക്ഷിണേഷ്യക്കാരാണ് ബഹ്‌റൈനില്‍ പ്രതിഷേധം നടത്തിയത്. ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം അനധികൃതമായാണ് ബഹ്‌റൈനില്‍ റാലി നടത്തിയത്.
പ്രതിഷേധക്കാര്‍ക്കെതിരെ പ്രാദേശിക പോലീസ് നിയമനടപടികള്‍ ആരംഭിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. മതപരമായ അവസരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ബഹ്‌റൈന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. 'ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയമം ലംഘിക്കുന്ന രീതിയില്‍ ഒത്തുകൂടിയതിന് ചില ഏഷ്യക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. മതപരമായ അവസരങ്ങളെ രാഷ്ട്രീയമായി ചൂഷണം ചെയ്യരുതെന്ന് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിക്കുന്നു,' ട്വീറ്റില്‍ പറയുന്നു.
കശ്മീര്‍ വിഷയത്തില്‍ നിലവിലെ സാഹചര്യം അറിയിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബഹ്‌റൈന്‍ ഷെയ്ഖ് ഹമദ് ബില്‍ ഈസ അല്‍ ഖലീഫയെ വിളിച്ചതിന് ശേഷമായിരുന്നു റാലി നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുത്തത്.