യുഎസില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 55,081 ആയിത്തീരുകയും മരണം 785ല്‍ എത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. യുഎസിലാകമാനമുള്ള ഹോസ്പിറ്റലുകളിലേക്ക് പതിനായിരക്കണക്കിന് കൊറോണ രോഗികള്‍ ഒരുമിച്ച് എത്താന്‍ തുടങ്ങിയതോടെ രാജ്യത്തെ ഹോസ്പിറ്റലുകള്‍ക്ക് മേലുള്ള സമ്മര്‍ദം പരിധി വിട്ടുയരാന്‍ തുടങ്ങിയെന്നും നഴ്‌സുമാരുടെ വന്‍ക്ഷാമം നേരിടുന്നതിനാല്‍ കൊറോണ രോഗികളെ പരിചരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നുമുള്ള മുന്നറിയിപ്പുകളും പുറത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്.
ചില ഹോസ്പിറ്റലുകളില്‍ ഒരു നഴ്‌സ് ഒരേ സമയം 30 കൊറോണ രോഗികളെ വരെ പരിചരിക്കേണ്ട ദുരവസ്ഥയുണ്ടെന്നും ഇതിനെ തുടര്‍ന്ന് കൂട്ട മരണം ആരംഭിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.രാജ്യം ഇപ്രകാരം കൊറോണ ബാധിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അടിയന്തിര സഹായമായി രണ്ട് ട്രില്യണ്‍ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് പ്രദാനം ചെയ്യാനുള്ള കരാറില്‍ വൈറ്റ് ഹൗസും സെനറ്റ് ലീഡര്‍മാരും എത്തിച്ചേര്‍ന്നിട്ടുമുണ്ട്.
കൊറോണ വ്യാപനവും മരണവും കുതിച്ച് കയറുന്ന ന്യൂയോര്‍ക്കില്‍ അടുത്തിടെ സന്ദര്‍ശിച്ച എല്ലാ യുഎസുകാരും നിര്‍ബന്ധമായും 14 ദിവസത്തെ ക്വോറന്റീനിലേക്ക് പോകണമെന്ന് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോ ഓഡിനേറ്റര്‍ കര്‍ക്കശമായി ഉത്തരവിറക്കിയിട്ടുമുണ്ട്. ഇത്തരത്തില്‍ പരിതാപകരമായ സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും രാജ്യം ഏപ്രില്‍ 12 ഈസ്റ്റര്‍ ഞായറാഴ്ചയോടെ സാധാരണ നിലയിലേക്ക് തിരിച്ച് വരുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തറപ്പിച്ച് പറയുന്നത്.
അപ്പോഴേക്കും രാജ്യത്തെ ചര്‍ച്ചുകളില്‍ ആളുകള്‍ തിങ്ങി നിറയുന്നത് താന്‍ ഭാവനയില്‍ കാണുന്നുവെന്ന് വരെ ട്രംപ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്നാല്‍ കൊറോണയുടെ അടുത്ത പ്രഭവകേന്ദ്രമായി യുഎസ് മാറാന്‍ പോവുന്നുവെന്ന മുന്നറിയിപ്പാണ് ഈ വേളയില്‍ ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്.