ഓസ്‌ട്രേലിയക്കാര്‍ വിദേശങ്ങളില്‍ നിന്ന് ഉടന്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുക; ഇല്ലെങ്കില്‍ കൊറോണ ഭീഷണിയില്‍ വിമാനങ്ങള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്; തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഐസൊലേഷന്‍
ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശങ്ങളില്‍ നിന്നും തിരിച്ച് വരാനാഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് നിര്‍ണായക നിര്‍ദേശം നല്‍കി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് ആന്‍ഡ് ട്രേഡ് രംഗത്തെത്തി. ഇത്തരക്കാര്‍ ലഭ്യമായ കമേഴ്‌സ്യല്‍ ഫ്‌ലൈറ്റുകളിലൂടെ എത്രയും വേഗം തിരിച്ചു വരണമെന്നാണ് ഡിഎഫ്എടി നിര്‍ദേശിച്ചിരിക്കുന്നത്.
വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കാര്‍ വിദേശയാത്രകള്‍ നടത്താവൂ എന്ന് കഴിഞ്ഞ ആഴ്ച ഫെഡറല്‍ ഗവണ്‍മെന്റ് കടുത്ത നിര്‍ദേശം പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നു. വൈറസ് പടരുന്നത് ഇനിയും രൂക്ഷമായാല്‍ കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കാനും വിമാനങ്ങളെല്ലാം റദ്ദാക്കാനും സാധ്യതയേറൊണെന്നും ആ സമയത്ത് വിദേശങ്ങളില്‍ നിന്നും തിരിച്ച് വരാന്‍ ശ്രമിച്ചാല്‍ ബുദ്ധിമുട്ടാകുമെന്നുമാണ് ഡിഎഫ്എടി മുന്നറിയിപ്പേകുന്നത്.
നിലവില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ വിദേശത്ത് നിന്നും തിരിച്ച് വരാനാഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് ലഭ്യമാക്കാവുന്ന കോണ്‍സുലാര്‍ സഹായത്തിന് പരിമിതിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡിഎഫ്എടി മുന്നറിയിപ്പേകുന്നു. വിദേശങ്ങളില്‍ നിന്നും ഇപ്രകാരം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തുന്ന പൗരന്‍മാരെല്ലാം നിര്‍ബന്ധമായും 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന് വിധേയമാകണമെന്ന് ഞായറാഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നിര്‍ദേശിച്ചിട്ടുണ്ട്.