യു.എ.ഇയിലേക്കും ബഹ്‌റൈനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇറാനിലെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. യു.എ.ഇയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിന് പുറമെ ജോര്‍ജിയ, തുര്‍ക്കി, ഇറാഖിന്റെ കുര്‍ദിഷ് മേഖലകള്‍, അഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ യാത്ര ഒഴിവാക്കണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രീസാദെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഇതുവരെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ പ്രതികരിച്ചിട്ടില്ല.
അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ യു.എ.ഇയുമായി നോര്‍മലൈസേഷന്‍ കരാറില്‍ ഒപ്പുവെച്ചതിലും ഇറാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി ഇസ്രയേലുമായി ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചിരുന്നു.