ബഹ്‌റൈനില്‍ കോവിഡ് ടെസ്റ്റ് നിബന്ധനയില്‍ ഇളവ്

ബഹ്‌റൈനില്‍ കോവിഡ് ടെസ്റ്റ് നിബന്ധനയില്‍ ഇളവ്
ഈദ് ദിനം മുതല്‍ ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കും. കോവിഡ് മുക്തമായവര്‍ക്കും ഇളവ് ലഭിക്കും. ഇന്‍ഡോര്‍ ഡൈനിംഗ് സൗകര്യങ്ങള്‍ വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് മുക്തരായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തും.

ഈദുല്‍ ഫിത്തര്‍ ദിനം മുതലാണ് പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരുക. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്. ഇത് പ്രകാരം ഈദ് ദിനം മുതല്‍ ബഹ്‌റൈനിലേക്ക് വരുന്ന, വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടതില്ല. കോവിഡ് മുക്തരായവര്‍ക്കും ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കും.

യാത്രക്കാര്‍ തങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് 'ബി അവെയര്‍' മൊബൈല്‍ അപ്‌ളിക്കേഷന്‍ വഴി ഹാജരാക്കണം. ഈദ് മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള അനുവാദം കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും കോവിഡില്‍ നിന്ന് വിമുക്തരായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. ഈ വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും 'ബി അവെയര്‍'ആപ്പില്‍ ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളുകള്‍, ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, സിനിമാ ഹാളുകള്‍, ഇന്‍ഡോര്‍ ജിംനേഷ്യങ്ങള്‍, സ്പാ, ഇന്‍ഡോര്‍ വിനോദ ശാലകള്‍, പൊതുപരിപാടികള്‍ നടക്കുന്ന ഹാളുകള്‍, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും നിബന്ധനകള്‍ ബാധകമാണ്.

Other News in this category



4malayalees Recommends