കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. ബഹ്‌റൈന്‍ പാര്‍ലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി അബ്ദുല്‍ നബി സല്‍മാനാണ് ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍നിന്ന് നേരിട്ടോ ട്രാന്‍സിറ്റ് വിമാനങ്ങളിലോ വരുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. തിരികെ വരുന്ന പൗരന്‍മാര്‍ക്ക് മാത്രം ഇളവ് നല്‍കണം. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിര്‍ദേശമെന്നും പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും അബ്ദുല്‍ നബി സല്‍മാന്‍ പറഞ്ഞു.
അതേസമയം, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ബഹ്‌റൈനിലേക്ക് വരുന്ന ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എയര്‍ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിബന്ധനയില്‍ ഗള്‍ഫ് എയര്‍ ഇളവ് നല്‍കിയിട്ടില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡും ഉണ്ടായിരിക്കണം.