ഫേസ് മാസ്‌ക് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള സുപ്രധാന ആയുധമാണ്. എന്നാല്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരും ഇതേ വഴി ഉപയോഗിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും? ബഹ്‌റിനിലാണ് മാസ്‌കില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം പൊളിഞ്ഞത്.
മാസ്‌കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് ഏഷ്യന്‍ വംശജരെയാണ് പിടികൂടിയിട്ടുള്ളത്. ഇവരെ ബഹ്‌റിന്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. കഞ്ചാവ് നിറച്ച മാസ്‌കിന്റെ പാഴ്‌സല്‍ കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് പ്രതികളും പിടിയിലായത്.
ആന്റി നാര്‍കോടിക്‌സ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഒന്നും, രണ്ടും പ്രതികള്‍ ഷിപ്‌മെന്റ് വഴി കഞ്ചാവ് ഇറക്കുമതി ചെയ്തതായി കണ്ടെത്തി. മൂന്നും, നാലും പ്രതികള്‍ കഞ്ചാവ് വില്‍ക്കാനും സമ്മതിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ മൂത്രസാമ്പിളില്‍ നിന്നും മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതായി കോടതി രേഖകള്‍ വ്യക്തമാക്കി.
ആദ്യ മൂന്ന് പ്രതികള്‍ക്കെതിരെ കഞ്ചാവ് കടത്തിനും, ഉപയോഗത്തിനും, വ്യാപാരത്തിനുമാണ് കേസെടുത്തിട്ടുള്ളത്. നാലാമത്തെ പ്രതിക്കെതിരെ സഹായത്തിനും, മയക്കുമരുന്ന് ഉപയോഗത്തിനും കേസുള്ളതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു. അനധികൃത മയക്കുമരുന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയും, പിഴയുമാണ് ബഹ്‌റിന്‍ നല്‍കുന്നത്.