കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ചക്കാലത്തേക്കുകൂടി നീട്ടി. അവശ്യ സേവനങ്ങള്‍ നല്‍കുന്നവയൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടല്‍ അടക്കമുള്ള നിയന്ത്രണങ്ങളാണ് ഈ മാസം 25 വരെ തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്. ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള യാത്രാനിയന്ത്രണങ്ങളും തുടരും.
ബഹ്‌റൈനില്‍ കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി മെയ് 27ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ രണ്ടാഴ്ചക്കാലത്തേക്കുകൂടി തുടരാനാണ് ആരോഗ്യമന്ത്രാലയവും നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സും തീരുമാനിച്ചത്. ജൂണ്‍ 11 മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ ഇതനുസരിച്ച് അവശ്യ സര്‍വീസുകളില്‍പെടുത്തിയ സ്ഥാപനങ്ങളൊഴിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നല്‍കുന്ന മറ്റ് വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് തുടരും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായും സമൂഹമാധ്യമങ്ങള്‍ വഴിയും ഓര്‍ഡര്‍ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നല്‍കുന്നത് തുടരാം. ഷോപ്പിങ് മാളുകള്‍, വ്യാപാര സ്ഥപനങ്ങള്‍ ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്‌പോര്‍ട്‌സ് ഹാളുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. റസ്റ്റോറന്റുകള്‍, കഫേ എന്നിവിടങ്ങളില്‍ ടേക് എവേക്കും ഡെലിവറിക്കുമുള്ള അനുമതി തുടരും. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലര്‍, മസാജ് സെന്റര്‍ സിനിമാ തിയറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. കോണ്‍ഫറന്‍സുകളും മറ്റ് പരിപാടികളും ഉണ്ടാവില്ല.