ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനക്കേസില്‍ വിധി പ്രസ്താവിച്ച് ബഹ്‌റൈന്‍ കോടതി
ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ച് ബഹ്‌റൈന്‍ കോടതി. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തിപരമായ കേസുകളില്‍ അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത രാജ്യത്തിലെ നിയമം അടിസ്ഥാനപ്പെടുത്തി വിധി പറയാമെന്ന ബഹ്‌റൈന്‍ നിയമത്തിലെ 21ാം വകുപ്പ് പ്രകാരമായിരുന്നു കോടതിയുടെ നടപടി.
കഴിഞ്ഞ 10 വര്‍ഷമായി തന്നില്‍ നിന്ന് അകന്നു കഴിയുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടിയാണ് ഇന്ത്യക്കാരന്‍ കോടതിയെ സമീപിച്ചത്. 1997ല്‍ വിവാഹിതരായ ദമ്പതികള്‍ 2009 വരെ 12 വര്‍ഷം ഒരുമിച്ച് ജീവിച്ചുവെന്നും പിന്നീട് പ്രശ്‌നങ്ങളുണ്ടായെന്നുമാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഒരുമിച്ച് പോകാനാത്ത തര്‍ക്കങ്ങള്‍ കാരണം ഇരുവരും പിന്നീട് വെവ്വേറെ സ്ഥലങ്ങളില്‍ താമസിച്ചു. ഇത് സത്യമാണെന്ന് തെളിയിക്കാന്‍ രണ്ട് സാക്ഷികളെയും ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി, സാക്ഷി മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കുകയായിരുന്നു.