ബഹ്‌റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു
ബഹ്‌റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്ടോബര്‍ 27 മുതല്‍ സിനോഫാം വാക്‌സിന്റെ രണ്ട് ഡോസ് കുട്ടികള്‍ക്കും നല്‍കാനാണ് തീരുമാനം. രാജ്യത്തെ വാക്‌സിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണത്തിനായുള്ള നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും അംഗീകാരം ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ പൊതുജനാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ തീരുമാനമെന്ന് ടാക്‌സ്‌ഫോഴ്‌സ് അറിയിച്ചു. എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ച് വാക്‌സിനേഷന്‍ കമ്മിറ്റി ഉറപ്പുവരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനും നല്‍കാന്‍ വൈകാതെ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ തന്നെയായിരിക്കും നല്‍കുക.