ബഹ്‌റൈനില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് വിവിധ ഇന്ത്യന്‍ കുടുംബങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഫലീഫ സന്ദര്‍ശിച്ചു.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസരിച്ച് സഹവര്‍ത്തിത്വവും സഹിഷ്ണുതയും പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ ആശംസകളും അദ്ദേഹം കൈമാറി. അസര്‍പോട്ട, താക്കര്‍, കവലാനി, വൈദ്യ, ഭാട്യ, കേവല്‍റാം, മുല്‍ജിമല്‍ എന്നീ കുടുംബങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
ധനകാര്യ, ദേശീയ സമ്പദ് വ്യവസ്ഥ വകുപ്പ് മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രാജ്യത്തിന്റെ തുറന്ന സമീപനമാണ് ബഹ്‌റൈനില്‍ വിവിധ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസങ്ങള്‍ പിന്തുടരാന്‍ സാഹചര്യമൊരുക്കിയതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന മൂല്യങ്ങളാണ് ബഹ്‌റൈന്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.