കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബഹ്‌റൈനില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു
ബഹ്‌റൈനില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ രഹസ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ. ഒരു അമേരിക്കന്‍ പൗരനും രണ്ട് ബഹ്‌റൈന്‍ സ്വദേശികളും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നത്. അമേരിക്കന്‍ പൗരന്റെ അസാന്നിദ്ധ്യത്തിലാണ് വിധി പ്രസ്താവിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള കമ്പനിയില്‍ മാനേജരായി ജോലി ചെയ്!തിരുന്ന 45 വയസുകാരനായ ബഹ്‌റൈന്‍ സ്വദേശിയും 67 കാരനായ തന്റെ സഹപ്രവര്‍ത്തകനായ അമേരിക്കന്‍ പൗരനുമായി ചേര്‍ന്നാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ബഹ്‌റൈന്‍ പൗരന് നല്‍കിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ സ്ഥാപനവുമായി ചില കരാറുകളുണ്ടായിരുന്നു. അവിഹിതമായി നേട്ടമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ കമ്പനിയുടെ രഹസ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്.
കേസില്‍ അമേരിക്കന്‍ പൗരനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അയാളുടെ അസാന്നിദ്ധ്യത്തിലാണ് വിധി പറഞ്ഞത്. ഇയാള്‍ അറസ്റ്റിലായാല്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്