ബഹ്‌റൈനില്‍ മൂന്നും നാലും വയസായ രണ്ട് കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയില്‍ അമ്മയ്ക്ക് 3000 ദിനാര്‍ പിഴ
ബഹ്‌റൈനില്‍ മൂന്നും നാലും വയസായ രണ്ട് കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയില്‍ അമ്മയ്ക്ക് 3000 ദിനാര്‍ (ആറ് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. കേസില്‍ നേരത്തെ കീഴ്‌കോടതികള്‍ പുറപ്പെടുവിച്ച വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. 30 വയസുകാരിയായ സ്വദേശി വീട്ടമ്മയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.
കുട്ടികളുടെ പിതാവാണ് കഴിഞ്ഞ ഡിസംബറില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും കുട്ടികളുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്!തു.
കോടതിയിലെത്തിയ കേസില്‍ അമ്മയ്ക്ക് പിഴ ശിക്ഷ വിധിച്ചെങ്കിലും ഇത് ചോദ്യം ചെയ്ത് അവര്‍ ഹൈ ക്രിമിനല്‍ അപ്പീല്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരില്‍ കേസ് പരിഗണിച്ച അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചതോടെ യുവതി പരമോന്നത കോടതിയെയും സമീപിച്ചു. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചു.