അര്‍ദ്ധനഗ്‌നനായി തെരുവിലൂടെ നടന്നു; ബഹ്‌റൈനില്‍ യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി
അര്‍ദ്ധനഗ്‌നനായി തെരുവിലൂടെ നടന്ന യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശം. ബഹ്‌റൈനിലാണ് സംഭവം. ലഹരി ഉപയോഗിച്ച് തിരക്കുള്ള തെരുവിലൂടെ അര്‍ദ്ധനഗ്‌നനായി നടന്ന യുവാവിന് ഹൈ ക്രിമിനല്‍ കോടതി കനത്ത പിഴയും ചുമത്തി.
തന്റെ വീടിനു പുറത്ത് തെരുവിലൂടെ അര്‍ദ്ധനഗ്‌നനായി നടക്കുമ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇയാളെ അവിടെനിന്ന് മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്ന യുവാവ് പൊലീസിനെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ലഹരി ഉപയോഗത്തിനും പൊലീസുകാരെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.