ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് മദ്യം കടത്തിയതിന് 11 കോടി പിഴ; ചതിച്ചത് രണ്ട് മലയാളികളെന്ന് പ്രവാസി
സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയതിന് ശിക്ഷിക്കപ്പെട്ട ഈരാട്ടുപേറ്റ സ്വദേശിക്ക് പറയാനുള്ളത് ചതിക്കപ്പെട്ടതിന്റെ കഥയാണ്. ബഹ്‌റൈനില്‍ നിന്ന് കിങ് ഫഹദ് കോസ് വേ വഴി സൗദി അറേബ്യയിലേക്ക് മദ്യം കടത്തുന്നതിനിടെ പിടിയിലായ ഷാഹുല്‍ മുനീറിന് (24) പതിനൊന്ന് കോടിയോളം രൂപയാണ് ദമ്മാം ക്രിമിനല്‍ കോടതി പിഴ വിധിച്ചത്. എന്നാല്‍ താന്‍ ഓടിച്ചിരുന്ന ട്രെയിലറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയാതെ ചതിയില്‍ പെടുകയായിരുന്നുവെന്ന് മുനീര്‍ പറയുന്നു.
കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളും സഹോദരന്റെ കരള്‍ രോഗവും തന്റെ അര്‍ബുദ രോഗവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു മുനീര്‍. ഇതിനിടെ ഒരിക്കല്‍ ദമ്മാമില്‍ വെച്ച് പരിചയപ്പെട്ട ഒരു മലപ്പുറം, പെരിന്തല്‍മണ്ണ സ്വദേശിയാണ് സഹായിക്കാമെന്ന പേരില്‍ തന്നെ കുടുക്കിയതെന്ന് മുനീര്‍ പറയുന്നു.
ട്രെയിലര്‍ ഡ്രൈവറായിരുന്ന മുനീറിന്റെ ദുരിതങ്ങള്‍ കേട്ടറിഞ്ഞ പെരിന്തല്‍മണ്ണ സ്വദേശി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും സൗദി അറേബ്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് ഓട്ടത്തിനായി വാഹനവുമായി പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. അവിടെയെത്തുമ്പോള്‍ തന്റെ ഒരു സുഹൃത്ത് ട്രെയിലറില്‍ ചില സാധനങ്ങല്‍ കയറ്റുമെന്നും അതുമായി തിരികെ സൗദി അറേബ്യയിലെത്തുമ്പോള്‍ 10,000 റിയാല്‍ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.