ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം
ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ജൂലൈ ഒന്ന് മുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ നടത്തിവരുന്ന പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയത്. ഉച്ചയ്!ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ജുലൈ മാസത്തില്‍ ആംരഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നിലനില്‍ക്കും. വേനല്‍ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉഷ്ണ സംബന്ധമായ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ സുരക്ഷ കണക്കിലെടുത്തുമാണ് ഇത്തരമൊരു നിയമം എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപ്പാക്കുന്നത്. തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള തൊഴില്‍ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉച്ചവിശ്രമ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍.