ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് ഈടാക്കല്‍; ഡിജിസിഎയോട് ഹാജരാകാന്‍ കോടതി
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുളള യാത്രക്ക് ഉയര്‍ന്ന വിമാന യാത്രാനിരക്ക് ഈടാക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)യോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള പ്രവാസി അസോസിയേഷനാണ് ഉയര്‍ന്ന വിമാന യാത്രാനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. 1937 എയര്‍ക്രാഫ്റ്റ് നിയമം 135(1) അവ്യക്തവും ആപേക്ഷികവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് ഡിജിസിഎ ഇടപെട്ട് പരിഹരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് യാത്രചെയ്യുന്നവരില്‍ നിന്നും അധിക വിമാനയാത്രക്കൂലിയാണ് ഈടാക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ജോലിക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടി വരുന്നവര്‍ ഉയര്‍ന്ന യാത്രാനിരക്കാണ് നല്‍കേണ്ടി വരുന്നത്. പ്രവാസികളായ ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഉയര്‍ന്ന വിമാന നിരക്കെന്നും ഹര്‍ജിയില്‍ പറയുന്നു.