ബഹ്റൈനില്‍ ജോലിയ്ക്കിടെ വാഹനമിടിച്ച് മരിച്ചയാള്‍ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ശൈഖ് ഇസാ ബിന്‍ സല്മാന് ഹൈവേയില്‍ നവീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ പൗരനായ നര്‍സയ്യ യെടപ്പള്ളി (57) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്!വേയ്ക്ക് സമീപം ബിലാദ് അല്‍ ഖദീമില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സൗദി പൗരന് ഓടിച്ചിരുന്ന കാര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡ് അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. നര്‍സയ്യ അപകടസ്ഥലത്തു വെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ മറ്റ് തൊഴിലാളികളെ ഉടന്‍ തന്നെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.