ബഹ്‌റൈനില്‍ നടക്കുന്ന എയര്‍ഷോയില്‍ നിന്ന് പിന്മാറി ഒമാന്‍ കുവൈറ്റ് കമ്പനികള്‍
നവംബര്‍ 9 മുതല്‍ 11 വരെ മനാമയില്‍ നടക്കുന്ന ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒമാന്‍, കുവൈറ്റ് കമ്പനികള്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കമ്പനികളുടെ എയര്‍ഷോയിലെ പങ്കാളിത്തത്തില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ എയര്‍ഷോ ബഹിഷിക്കരിക്കാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. പലസ്തീന്‍ വിഷയമാണ് പിന്മാറ്റത്തിന് കാരണം.ഇതാദ്യമായാണ് പ്രശസ്തമായ ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോയില്‍ ഇസ്രായേലി കമ്പനികള്‍ പങ്കെടുക്കുന്നത്.
ഒമാനിലെ സലാം എയര്‍ കമ്പനിയാണ് ഇസ്രായേല്‍ കമ്പനികളുടെ പങ്കാളിത്തം കാരണം എയര്‍ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയ ഒരു കമ്പനി. ഇതേകാരണത്താല്‍ കുവൈറ്റ് ഫിനാന്‍സ് ഹൗസ് അതിന്റെ ലോഗോ എക്‌സിബിഷന്റെ സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും അല്‍ഖലീജ് ഓണ്‍ലൈന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ ഇസ്രായേലി കമ്പനികള്‍ പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതോടെയാണ് പിന്മാറ്റം.