പ്രവാസി ഐഡി കാര്‍ഡ് ; നിരക്കുയര്‍ത്തിയിട്ടില്ല, ജിഎസ്ടി ബാധകമെന്ന് നോര്‍ക്ക
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിക്കും നിരക്കുയര്‍ത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ജിഎസ് ടി ബാധകമായതാണ് നിരക്കില്‍ വര്‍ധന വരാന്‍ കാരണം. പ്രവാസികളുടെ അപേക്ഷ പ്രകാരം നോര്‍ക്ക റൂട്ട്‌സ് നല്‍കിവരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടേയും ഇന്‍ഷുറന്‍സ് സേവനങ്ങളുടേയും ഫീസ് നിരക്കുകള്‍ക്ക് ജിഎസ് ടി ബാധകമാണെന്ന വ്യവസ്ഥയനുസരിച്ചാണ് നടപടി.
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്‌സ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നീ സേവനങ്ങള്‍ക്ക് നിലവിലെ നിരക്കിന്റെ 18 ശതമാനം ജിഎസ്ടി കൂടി ചേര്‍ത്ത തുകയാണ് നല്‍കേണ്ടിവരിക. കഴിഞ്ഞ നാലര വര്‍ഷമായി കാര്‍ഡുകളുടെ നിരക്കില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഇപ്പോഴും കാര്‍ഡിന്റെ വില വര്‍ധിച്ചിട്ടില്ല. മറിച്ച് ജിഎസ്ടി നിരക്ക് ബാധകമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.