ഒഡീഷ ബാലസോര്‍ ട്രെയ്ന്‍ അപകടത്തില്‍ മരണം 280 കടന്നു. 900ലേറെ പേര്‍ക്ക് പരുക്കേറ്റു. കോറമാണ്ടല്‍ എക്‌സ്പ്രസ് ട്രെയിന്‍ ചരക്ക് ട്രെയ്‌നുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കോറമാണ്ടല്‍ എക്‌സ്പ്രസിന്റെ എട്ടോളം ബോഗികള്‍ പാളം തെറ്റി.
മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയ്‌നും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചു. ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്.
അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയ്‌നുകള്‍ റദ്ദാക്കി.
അതേസമയം, അപകടത്തില്‍പെട്ട നാല് മലയാളികള്‍ രക്ഷപ്പെട്ടു. തൃശൂര്‍ കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.
കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേക്ക് വരാനായിരുന്നു ഇവരുടെ ഉദ്ദേശം. പാടത്തേക്ക് മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്ക് മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണ് വൈശാഖ് പുറത്തുകടന്നത്.