'ചിതറിത്തെറിച്ച കൈകാലുകള്‍, രൂപമില്ലാത്ത മുഖങ്ങള്‍, പതിനഞ്ചോളം പേര്‍ എനിക്ക് മുകളില്‍ ; രക്ഷപ്പെട്ടയാള്‍ പറയുന്നു
233 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കലിലാണ് രക്ഷപ്പെട്ടവര്‍. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്റെ നടുക്കം ഇപ്പോഴും ഇവരില്‍ നിന്നും വിട്ടുപോയിട്ടില്ല. രക്ഷപ്പെട്ടവര്‍ക്കെല്ലാം തീരാനോവായി മാറുകയാണ് ഈ അപകടം. സംഭവത്തെ കുറിച്ച് പറയുമ്പോള്‍ അവര്‍ ഓരോരുത്തരും വിതുമ്പുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് താനൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
'ട്രെയിന്‍ പാളം തെറ്റിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. 10-15 പേര്‍ എന്റെ മേല്‍ വീണു. എന്റെ കൈക്കും കഴുത്തിനും പരിക്കേറ്റു. വലിയ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്, കോച്ചുകള്‍ പാളം തെറ്റിയ ശബ്ദമായിരുന്നു. ഒരു വിധത്തില്‍ ട്രെയിന് പുറത്തേക്കെത്തി നോക്കിയപ്പോള്‍ കണ്ടത് അങ്ങിങ്ങായി കൈകാലുകള്‍ ചിന്നിച്ചിതറി കിടക്കുന്നതായിരുന്നു. പല മുഖങ്ങളും വികൃതമായി കിടക്കുന്നു', രക്ഷപ്പെട്ടയാള്‍ പറയുന്നു.