ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നതായി റെയില്‍വേ വ്യക്തമാക്കി. 803 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം, ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറുണ്ടാകും. പരിക്കേറ്റവര്‍ക്കായി സര്‍ക്കാര്‍ എല്ലാം ചെയ്യും. എന്റെ ദുഃഖം വിവരിക്കാന്‍ വാക്കുകളില്ലെന്നും മോദി പറഞ്ഞു.
ബാലസോറിന് സമീപത്തുള്ള ബാഹങ്ക ബസാറില്‍ വ്യോമസേന വിമാനത്തിലെത്തിയതിന് എത്തിയതിന് ശേഷമാണ് അദേഹം അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്. തുടര്‍ന്ന് ബാലസോര്‍ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് കഴിയുന്നവരെയും മോദി സന്ദര്‍ശിച്ചു. അദ്ദേഹത്തിനൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ഉണ്ടായിരുന്നു.