ഡിഎംകെ നേതാവ് കനിമൊഴി എംപി ബസില്‍ കയറി അഭിനന്ദിച്ചതിന് പിന്നാലെ ജോലി പോയ മലയാളി വനിതാ ഡ്രൈവര്‍ ശര്‍മിളക്ക് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്റെ വക കാര്‍ സമ്മാനം. കമല്‍ കള്‍ച്ചറല്‍ സെന്ററാണ് ശര്‍മിളക്ക് കാര്‍ സമ്മാനിച്ചത്. ശര്‍മിള വെറും ഡ്രൈവര്‍ ആകേണ്ട ആളല്ലെന്നും കമല്‍ പറഞ്ഞു.
നിരവധി ശര്‍മിളമാരുണ്ടാകണമെന്നാണ് ആഗ്രഹമെന്നും കമല്‍ പറഞ്ഞു. കാര്‍ വാടകയ്ക്ക് നല്‍കി സംരഭകയാകാമെന്നും അദ്ദേഹം പറഞ്ഞു.
വടവള്ളി സോമനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ആദ്യ വനിത ബസ് ഡ്രൈവറാണ് ശര്‍മിള. ഷൊര്‍ണൂര്‍ കുളപ്പള്ളി സ്വദേശി ഹേമയുടേയും മഹേഷിന്റെയും മകളാണ്.
കനിമൊഴി എംപി ശര്‍മിളയുടെ ബസില്‍ യാത്ര ചെയ്യുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കനിമൊഴിയുടെ സന്ദര്‍ശനം അറിയിക്കാതിരുന്നത് ശര്‍മിള പ്രശസ്തി കിട്ടാനാണെന്ന് പറഞ്ഞാണ് ബസ് ഉടമ ശര്‍മിളയെ പുറത്താക്കിയത്. എന്നാല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതല്ലെന്നും ഇഷ്ടപ്രകാരം ശര്‍മിള ജോലി ഉപേക്ഷിച്ചതാണെന്നും ഉടമ പറയുന്നു.