മഹാരാഷ്ട്രയില്‍ തന്റെ പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ 'കാര്‍ പരേഡില്‍' അസ്വസ്ഥനാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ക്ഷേത്രദര്‍ശനത്തിന് മഹാരാഷ്ട്രയിലെ പന്ഥാര്‍പൂറിലേക്ക് 600 കാറുകളുടെ അകമ്പടിയില്‍ ചന്ദ്രശേഖര റാവു എത്തിയതാണ് പവാറിനെ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള ശക്തിപ്രകടനം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നാണ് പവാറിന്റെ അഭിപ്രായം.
തെക്കന്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലുള്ള പന്ഥാര്‍പൂരിലെ വിഖ്യാതമായ വിദ്ദല്‍ രുക്മിണി ക്ഷേത്രത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തൊഴാന്‍ ചന്ദ്രശേഖര റാവു എത്തിയത്. അമ്പലത്തിന് 20 കിലോമീറ്റര്‍ അകലെ സര്‍കോലി ഗ്രാമത്തില്‍ ചൊവ്വാഴ്ച 600 കാറുകളുടെ അകമ്പടിയോടെ റാലി നടത്തിയതാണ് പവാറിനെ അസ്വസ്ഥനാക്കിയത്. അയല്‍നാട്ടിലെ മുഖ്യമന്ത്രി മഹാരാഷ്ട്രയിലെ അമ്പലത്തില്‍ ദര്‍ശനം നടത്തുന്നതിനെ എതിര്‍ക്കാന്‍ ഒരു കാരണവുമില്ലെന്നും പക്ഷേ ഇത്തരത്തിലുള്ള വാഹനവ്യൂഹം ശരിയായ നടപടിയല്ലെന്നാണ് പവാറിന്റെ പക്ഷം.
റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി അതിന്റെ അടിത്തറ മഹാരാഷ്ട്രയിലും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് 600 കാറുകളടങ്ങുന്ന വാഹനവ്യാഹവുമായി കെസിആര്‍ മഹാരാഷ്ട്രയില്‍ എത്തിയത്.
ചന്ദ്രശേഖര റാവു മഹാരാഷ്ട്രയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പവാര്‍ ക്യാമ്പില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്തതും ഇരു കൂട്ടര്‍ക്കും ഇടയില്‍ അസ്വസ്ഥതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 2021ല്‍ എന്‍സിപിക്ക് വേണ്ടി പന്ഥാര്‍പൂരില്‍ മല്‍സരിച്ച് തോറ്റ ഭഗീരഥ് ഫാല്‍ക്കെ പതുക്കെ റാവുവിന്റെ ചേരിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന റാലിയിലാണ് ഭഗീരഥ് ഫാല്‍ക്കെ ബിആര്‍എസില്‍ ചേര്‍ന്നത്.