അന്യ ജാതിയില്‍ നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ സാമൂഹിക വിലക്ക് ; ക്ഷേത്രത്തിലെ കുംഭാഭിഷേകം നടക്കില്ലെന്ന ആശങ്കയില്‍ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

അന്യ ജാതിയില്‍ നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ സാമൂഹിക വിലക്ക് ; ക്ഷേത്രത്തിലെ കുംഭാഭിഷേകം നടക്കില്ലെന്ന ആശങ്കയില്‍ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു
മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടക്കില്ലെന്ന ആശങ്കയില്‍ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ വെപ്പമരത്തൂരിലാണ് സംഭവം. വെപ്പമരത്തൂരിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന ആശങ്ക കാരണമാണ് പായസത്തില്‍ വിഷം ചേര്‍ത്ത് കഴിച്ചതെന്നാണ് സ്ത്രീകള്‍ പറഞ്ഞത്. ഇവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരും പ്രദേശത്തെ പ്രബല ജാതിയില്‍പ്പെട്ടവരുമാണ്.

ഇവരുടെ കുടുംബാംഗമായ സുരേഷ് വിവാഹം കഴിച്ചത് പട്ടികജാതിയില്‍പ്പെട്ട യുവതിയെയാണ്. ഗ്രാമത്തിലെ മറ്റുള്ളവര്‍ സുരേഷിന്റെ കുടുംബത്തിന് സാമൂഹികവിലക്ക് ഏര്‍പ്പെടുത്തി. മാരിയമ്മന്‍ കോവിലിലെ ഉത്സവത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തുകയും ചെയ്തു. എന്നാല്‍, സുരേഷിന്റെ ഭാര്യ സുധ ജില്ലാഭരണകൂടത്തിന് പരാതി നല്‍കി. എല്ലാവരെയും പങ്കെടുപ്പിച്ചു മാത്രമേ ഉത്സവം നടത്താവൂ എന്ന് അധികൃതര്‍ ഉത്തരവിട്ടു. ഇതുകാരണം പത്തുവര്‍ഷമായി കുംഭാഭിഷേകം നടക്കുന്നില്ല.

ഇത്തവണ ഉത്സവം നടത്താന്‍ തീരുമാനിച്ചെങ്കിലും പണപ്പിരിവില്‍ നിന്ന് സുരേഷിന്റെ കുടുംബത്തെ ഒഴിവാക്കി. ഇതേത്തുടര്‍ന്ന് സുരേഷും സുധയും വീണ്ടും പരാതി നല്‍കുകയും ജില്ലാഭരണകൂടം ഇടപെടുകയും ചെയ്തു. ഇതോടെ ഇത്തവണയും ഉത്സവം മുടങ്ങുമെന്ന് അഭ്യൂഹം പരന്നു. തുടര്‍ന്നാണ് സുരേഷിന്റെ കുടുംബത്തില്‍പ്പെട്ട സ്ത്രീകള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. തങ്ങളുടെ കുടുംബം കാരണം ഉത്സവം മുടങ്ങുമെന്ന വിഷമത്തിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് അവര്‍ പറഞ്ഞു.

അധികൃതര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് ഉത്സവം നടത്താമെന്ന് ഗ്രാമീണര്‍ സമ്മതിച്ചു. ഇതനുസരിച്ച് ബുധനാഴ്ച സമാധാനപരമായി കുംഭാഭിഷേകം നടത്തി. വിഷം കഴിച്ച സ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends