തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടിയില്‍ നാണം കെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. കഴിഞ്ഞ രാത്രി ഏഴുമണിയോടെയാണ് സെന്തില്‍ ബാലാജിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയതായി ഗവര്‍ണര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയത്. പിന്നീട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
വാര്‍ത്താക്കുറിപ്പിറങ്ങി 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചാണ് ഇക്കാര്യം അറിയിച്ചത്. ഗവര്‍ണര്‍ ആറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നും ആണ് കത്തിലെ ഉള്ളടക്കം.
ജൂണ്‍ 14 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം അദ്ദേഹം റിമാന്‍ഡിലാണ്.മന്ത്രി സ്ഥാനത്തിരിക്കുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടാക്കാട്ടിയാണ് ഗവര്‍ണ്ണര്‍ ആര്‍ എന്‍ രവി ഈ അസാധാരണ കൈക്കൊണ്ടത്.ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ തിടുക്കത്തിലുള്ള പിന്മാറ്റം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണെന്നാണ് സൂചന. ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചിരുന്നു.
ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഗവര്‍ണറുടെ ആദ്യ ഉത്തരവ്. ബാലാജിയെ പുറത്താക്കിയതിനെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന ഘടകത്തിനും എഐഎഡിഎംകെയ്ക്കും പിന്മാറ്റം തിരിച്ചടിയായി.
ഇപ്പോള്‍ സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായാണ് സ്റ്റാലിന്‍ മന്ത്രി സഭയില്‍ തുടരുന്നത്. ജൂഡീഷ്യല്‍ കസ്റ്റഡി അപേക്ഷ സ്വീകരിക്കുമ്പോള്‍ സെന്തില്‍ ബാലാജി മന്ത്രിയായി തുടരുന്നതിനെതിരെ രേഖാ മൂലം ഗവര്‍ണ്ണര്‍ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സെന്തില്‍ ബാലാജിയെ സ്റ്റാലിന്‍ മന്ത്രി സഭയില്‍ നിന്നും ഗവര്‍ണ്ണര്‍ പുറത്താക്കിയത്