കൊല്ലപ്പെട്ട ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദില്‍ നിന്ന് കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്കായി ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി യുപി സര്‍ക്കാര്‍. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പണിപൂര്‍ത്തിയായ 76 ഫ്‌ലാറ്റുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു.
പ്രയാഗ് രാജിലെ അതിഖ് അഹമ്മദില്‍നിന്ന് കണ്ടുകെട്ടിയ 1731 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യു.പി സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. 2021 ഡിസംബര്‍ 26ലാണ് ഇതിന്റെ ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറാനും യോഗി സര്‍ക്കാരിന് സാധിച്ചു.
41 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഓരോ ഫ്‌ളാറ്റിനും രണ്ട് മുറികളും അടുക്കളയും ടോയ്‌ലറ്റുമാണുള്ളത്.നറുക്കെടുപ്പിലൂടെയാണ് ഫ്‌ളാറ്റുകള്‍ക്ക് അര്‍ഹരായ പാവപ്പെട്ടവരെ തിരഞ്ഞെടുത്തത്. 6030 അപേക്ഷകള്‍ പരിശോധിച്ചവയില്‍നിന്ന് 1590 പേരെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തി. ഇവരില്‍നിന്നാണ് നറുക്കെടുത്ത് 76 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
'2017ന് മുമ്പ് ഏത് മാഫിയയ്ക്കും പാവപ്പെട്ടവരുടെയോ വ്യവസായികളുടെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ ഭൂമി തട്ടിയെടുക്കാന്‍ കഴിയുമായിരുന്ന അതേ സംസ്ഥാനമാണിത്. പാവപ്പെട്ടവര്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇപ്പോള്‍ ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ പണിയുന്നത് അതേ ഭൂമിയിലാണ്. ഈ മാഫിയകളില്‍ നിന്ന് പിടിച്ചെടുത്തത് വലിയ നേട്ടമാണ്' മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.