അവിഹിതബന്ധത്തിന്റെ പേരില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി. പിതാവ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ താമസിക്കുന്ന പരംജീത് സിങ് ആണ് കൊല്ലപ്പെട്ടത്. പരംജീതിന്റെ മകന്‍ വികാസ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പരംജീത് സിങ്ങിനെ കാണാനില്ലെന്ന് കാട്ടി മാര്‍ച്ചില്‍ കുടുംബം പരാതി നല്‍കിയിരുന്നു. മൂന്നു മാസത്തോളം പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സെര്‍ല ഭാഗ മേഖലയില്‍ റിയാസി പൊലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് താക്കൂര്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു.
മറ്റൊരു സ്ത്രീയുമായി ബന്ധുമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇതില്‍ വൈരാഗ്യം തോന്നിയ മകന്‍, അച്ഛനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടാന്‍ അമ്മാവനോട് പറയുകയും കള്ളക്കഥകള്‍ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തുവെന്നും ഇയാള്‍ പൊലസിനോട് സമ്മതിച്ചു.
ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ പിതാവിന്റെ മൊബൈല്‍ ഫോണും പ്രതി നശിപ്പിച്ചിരുന്നു. പരംജീത് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം വനമേഖലയില്‍ ഉപേക്ഷിച്ചത്. ഇവരെയും അറസ്റ്റ് ചെയ്‌തെന്നും രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.