ഓണ്‍ലൈന്‍ വഴിയുള്ള പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഇന്ത്യയില്‍. നാല് കുട്ടികളുടെ മാതാവായ സീമ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെ കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയ്ഡയിലുള്ള സച്ചിന്‍ എന്ന യുവാവുമായാണ് യുവതി പ്രണയത്തിലായത്.
പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. സീമ ഇന്ത്യയിലെത്തിയതിനു ശേഷം ഇരുവരും ഒരുമിച്ച് ഗ്രേറ്റര്‍ നോയ്ഡയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് അവിടെ ഒരുമിച്ചാണ് താമസം. കോടതി വഴി വിവാഹം കഴിച്ചെന്നവകാശപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തതെന്ന് ഉടമ പൊലീസിനെ അറിയിച്ചു.
തന്റെ മക്കളെയും കൊണ്ടാണ് യുവതി സച്ചിനരികെ എത്തിയത്. ഏറെ വൈകാതെ, ഒരു പാക് വനിത നിയമാനുസൃതമല്ലാതെ ഇവിടെ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.ഇതറിഞ്ഞ സീമ മക്കളെയുമൊത്ത് സ്ഥലം വിട്ടു. എന്നാല്‍, ഇരുവരെയും പൊലീസ് പിടികൂടി.