നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മധ്യപ്രദേശില്‍ 50 ദിവസത്തില്‍ ആറ് ബഹുജന റാലികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമേ പ്രിയങ്ക ഗാന്ധിയും പ്രചാരണ രംഗത്ത് സജീവമാകും. ജൂണ്‍ 13 ന് ജബല്‍പൂരില്‍ സംഘടിപ്പിച്ച ബഹുജന റാലിയോടെ പ്രിയങ്ക തന്റെ വരവ് അറിയിച്ചിരുന്നു.
ജൂലൈ 22 ന് ഗ്വാളിയാറിലായിരിക്കും രണ്ടാം ഘട്ടത്തില്‍ പ്രിയങ്ക പങ്കെടുക്കുന്ന റാലി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമാണ് ഗ്വാളിയാര്‍. ഇവിടെ പ്രിയങ്കയെ കളത്തിലിറക്കി മുന്‍തൂക്കം നേടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. റാലി സംഘടിപ്പിക്കുന്ന ആറ് പ്രദേശങ്ങളും എസ് സി, എസ് ടി, ഒബിസി മുന്‍തൂക്കമുള്ളവയാണ്. തിങ്കളാഴ്ച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ജെപി അഗര്‍വാള്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചിരുന്നു.
കര്‍ണാടകയിലേതിന് സമാനമായി സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി ആരോപണം മുന്‍നിര്‍ത്തി പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കാനും ആലോചനയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച എബിപിസി വോട്ടര്‍ സര്‍വ്വേഫലം ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 108-120 സീറ്റ് വരെയും ബിജെപി 106-118 സീറ്റ് വരെയും നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.