പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 21 കാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി ; പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 21 കാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി ;  പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം അധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബിക്കാനീറിലെ ശ്രീ ദുംഗാഗഢ് നഗരത്തില്‍ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം. പെണ്‍കുട്ടിയെ ഉടന്‍ വിട്ടുകിട്ടണമെന്ന്ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ രംഗത്തെത്തിയത്.

ചൊവ്വാഴ്ച ദുംഗാഗഢിലെ പ്രാദേശിക വ്യാപാരികള്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായാണ് അധ്യാപിക പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇവരുടെ വാദം. പ്രദേശത്തെ സ്വകാര്യ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് 21 കാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയതെന്ന് വ്യാപാരികള്‍ പറയുന്നു.

പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും രംഗത്തെത്തി. ദുംഗാഗഢിലെ പോലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴിഞ്ഞ 3 ദിവസമായി ധര്‍ണയിരിക്കുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികളും എത്തുകയായിരുന്നു.

അതേസമയം പെണ്‍കുട്ടിയും അധ്യാപികയും തങ്ങളുടെ കുടുംബത്തോടും പ്രതിഷേധക്കാരോടും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ ഒരു യുട്യൂബ് വീഡിയോയിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

ഞങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയത്തിലാണ്. അധ്യാപികയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുക്കരുതെന്ന് പോലീസുദ്യോഗസ്ഥരോട് അപേക്ഷിക്കുന്നു. എന്നെ ആരും തട്ടിക്കൊണ്ടു വന്നതല്ല. ഞാന്‍ മതം മാറിയിട്ടുമില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങിപ്പോന്നത്. ഒരുമിച്ച് ജീവിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' പെണ്‍കുട്ടി പറഞ്ഞു.

ജൂണ്‍ 30 മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അന്നേ ദിവസം സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പിറ്റേന്ന് രാവിലെ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.പെണ്‍കുട്ടിയ്ക്ക് പ്രായമായിട്ടില്ല, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends