'കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തിയത് പോലെ'; 'ചതിയന്‍' അജിത് പവാറിന് ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് ശരദ് പവാര്‍ അനുകൂലികളുടെ പോസ്റ്റര്‍

'കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തിയത് പോലെ'; 'ചതിയന്‍' അജിത് പവാറിന് ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് ശരദ് പവാര്‍ അനുകൂലികളുടെ പോസ്റ്റര്‍
എന്‍സിപി തിരിച്ചു പിടിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യാന്‍ 83ാം വയസ്സിലും പോരാട്ട വീര്യം കാണിക്കുന്ന ശരദ് പവാറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എന്‍സിപി അണികള്‍. അജിത് പവാറിന്റെ കൂറുമാറ്റം ചതിയാണെന്നും അജിത് പവാര്‍ വിശ്വാസവഞ്ചകനും ചാരനുമാണെന്ന് കാണിച്ച് ശരദ് പവാര്‍ അനുകൂലികള്‍ പോസ്റ്ററുകളൊട്ടിച്ച് തുടങ്ങി.

ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയ കട്ടപ്പയെ പോലെയാണ് അജിത് പവാര്‍ എന്ന് കാണിക്കുന്ന പോസ്റ്ററാണ് ന്യൂ ഡല്‍ഹിയിലെ ശരദ് പവാറിന്റെ വസതിക്ക് മുന്നില്‍ അണികള്‍ ഉയര്‍ത്തിയത്. പോസ്റ്ററില്‍ 'ഗദ്ദാര്‍' (ചതിയന്‍) എന്നും എഴുതിയിട്ടുണ്ട്. പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ.

മുഴുവന്‍ രാജ്യവും ഇത് കണ്ടുകൊണ്ട് ഇരിക്കുകയാണ്. നമുക്കിടയില്‍ ഒളിച്ചിരിക്കുന്ന ചതിയന്‍മാരെ. ജനം ഒരിക്കലും ഇത്തരക്കാര്‍ക്ക് മാപ്പ് നല്‍കില്ല. ഇത്തരത്തിലുള്ള വഞ്ചകന്‍മാര്‍ക്ക് മാപ്പില്ല.

ഗദ്ദാര്‍ എന്ന് എഴുതി ഹാഷ് ടാഗ് കൂടി ചേര്‍ത്താണ് പോസ്റ്റര്‍. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രത്തിന്റെ തല മാറ്റി അജിത് പവാര്‍ ശരദ് പവാറിനെ കുത്തുന്നതാക്കിയിട്ടുമുണ്ട്. എന്‍സിപിയുടെ വിദ്യാര്‍ത്ഥി വിഭാഗമാണ് ഈ പോസ്റ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്. ആരുടേയും പേര് എടുത്തു പറയാതെയാണ് പോസ്റ്ററിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയില്‍ ഇന്നലെ നടന്ന എന്‍സിപി വിഭാഗങ്ങളുടെ സമ്മേളനത്തില്‍ എംഎല്‍എമാര്‍ കൂടുതല്‍ എത്തിയത് അജിത് പവാര്‍ ക്യാമ്പിലായിരുന്നു. ഈ സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം ശരദ് പവാര്‍ വിളിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends