ഭര്‍ത്താവിനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയുമായി രാജീവ് വധക്കേസില്‍ ജയില്‍ മോചിതയായ നളിനി. മദ്രാസ് ഹൈക്കോടതിയിലാണ് നളിനി ഹര്‍ജി സമര്‍പ്പിച്ചത്. ജയില്‍ മോചിതനായെങ്കിലും തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരന്‍മാര്‍ക്കായുള്ള ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുകയാണ് നളിനിയുടെ ഭര്‍ത്താവായ മുരുകന്‍ എന്ന ശ്രീഹരന്‍.
ശ്രീഹരനെ തന്നോടൊപ്പം ജീവിക്കാന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച ജസ്റ്റിസ് എന്‍ ശേഷസായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ആറാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും. ശ്രീലങ്കന്‍ പൗരനായ മുരുക നെയും നളിനിയെയും സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം 2022 നവംബര്‍ 11നാണ് ജീവപര്യന്തം തടവില്‍ നിന്ന് മോചിപ്പിച്ചത്.
30 വര്‍ഷത്തിനു ശേഷമാണ് നളിനി ജയില്‍ മോചിതയായത്. അറസ്റ്റിലായ സമയത്ത് നളിനി ഗര്‍ഭിണിയായിരുന്നു. ചെങ്കല്‍ പേട്ട് സബ്ജയിലില്‍ കഴിയവേ 1992ല്‍ മകള്‍ ജനിച്ചു. മകളിപ്പോള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ്. യു.കെ പൗരത്വമുള്ള മകള്‍ക്കൊപ്പം അവിടെ താമസിക്കാനാണ് ഭര്‍ത്താവ് ആഗ്രഹിക്കുന്നത്.
മാനദണ്ഡങ്ങള്‍ക്കു വിധേയരായി തമിഴ്‌നാട്ടിലുള്ള അവരുടെ കുടുംബത്തോടൊപ്പം കഴിയാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. പല വിദേശികള്‍ക്കും അവരുടെ ആവശ്യപ്രകാരം രാജ്യത്ത് അഭയം നല്‍കാറുണ്ടെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍ ഡിറ്റന്‍ഷന്‍ സെന്റ റില്‍ കഴിയുന്നതിനാല്‍ പാസ് പോര്‍ട്ട് ആവശ്യത്തിനായി ഭര്‍ത്താവിന് ശ്രീലങ്കന്‍ എംബസിയുമായി ബന്ധപ്പെടാനും കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും നളിനിയുടെ ഹര്‍ജിയില്‍ പറയുന്നു.