മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. എംപി സ്ഥാനത്തു നിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ സിഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്ന് കോടതി പറഞ്ഞു. സൂറത്ത് കോടതിയുടെ വിധി ഉചിതമെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും കോടതി പറഞ്ഞു.
മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത് .2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായി പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്.
മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്. വിധി എതിരായതിനാല്‍ രാഹുലിന് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.