മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ശിക്ഷിച്ച സൂറത്ത് സെഷന്‍ കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളിയത് ഗുജറാത്ത് ഹൈക്കോടതിയാണ്. കോടതിയില്‍ അപ്പീല്‍ ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് ആണ്. അദ്ദേഹത്തിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ പ്രതിപക്ഷ പ്രവര്‍ത്തകരും മറ്റും ഉയര്‍ത്തുന്നത്.
ഗുജറാത്ത് വംശഹത്യാ കേസില്‍ ബിജെപി നേതാവ് മായ കോഡ്‌നാനിയുടെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക്. നരോദ പാട്യ, നരോദ ഗാം പ്രദേശങ്ങളില്‍ നൂറിലധികം മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായ സംഭവത്തില്‍ ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് മായാ കോഡ്‌നാനിയടക്കമുള്ള എല്ലാ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. പിന്നാലെ മായ കോഡ്‌നാനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതാണ് ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛകിനെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സൂറത്ത് കോടതിയുടെ വിധിയില്‍ രാഹുലിന്റെ ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത് ജസ്റ്റിസ് ഗീത ഗോപിയാണ്. എന്നാല്‍ കേസ് താന്‍ കേള്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗീത ഗോപി പിന്മാറിയതിനാലാണ് ഹര്‍ജി ഹേമന്ത് എം പ്രച്ഛക് ഹര്‍ജി പരിഗണിച്ചത്.
'പത്തോളം കേസുകള്‍ രാഹുലിനെതിരെ നിലവിലുണ്ട്. ഇപ്പോള്‍ ശിക്ഷ വിധിച്ച കേസിനുശേഷവും കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ സംശുദ്ധി പുലര്‍ത്തണം. കേംബ്രിഡ്ജില്‍ വച്ച് 'വീര്‍' സവര്‍ക്കറിനെതിരെയും രാഹുല്‍ ഗാന്ധി പരാമര്‍ശങ്ങള്‍ നടത്തി. അതിനെതിരെ 'വീര്‍' സവര്‍ക്കറുടെ ചെറുമകന്‍ പൂനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് അനീതിയല്ല. അത് നീതിയുക്തവും ശരിയായതുമാണ്. സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ല', അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് പറഞ്ഞത് ഇങ്ങനെയാണ്.
സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുലിന്റെ അപ്പീല്‍ ഹര്‍ജി കേട്ട ജഡ്ജി റോബിന്‍ പോള്‍ മൊഗേരയ്ക്കും ബിജെപി ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. 2006ല്‍ തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകനായിരുന്നു അദ്ദേഹം.