ബൂത്തുകള്‍ അടിച്ചു തകര്‍ത്തു, ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു; മൂന്നുപേര്‍ കൊല്ലപ്പെട്ടു; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വ്യാപക അക്രമം; നിരത്തിലിറങ്ങി ഗവര്‍ണര്‍

ബൂത്തുകള്‍ അടിച്ചു തകര്‍ത്തു, ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു; മൂന്നുപേര്‍ കൊല്ലപ്പെട്ടു; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വ്യാപക അക്രമം; നിരത്തിലിറങ്ങി ഗവര്‍ണര്‍
ബംഗാളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വ്യാപക അക്രമം, മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെയുണ്ടായ അക്രമത്തില്‍ റെജിനഗര്‍, തുഫംഗഞ്ച്, ഖാര്‍ഗ്രാം തങ്ങളുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് വെടിയേറ്റതായും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കഇ. ബിജെപി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. പോളിങ്ങ് ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെയാണ് കൊലപാതകം നടന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവര്‍ത്തകര്‍ കയ്യേറി അടിച്ച് തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അക്രമങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെ വിവിധ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് സന്ദര്‍ശിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യാത്ര. മറ്റു ജില്ലകളിലെ വിവിധ ബൂത്തുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ബുള്ളറ്റും ബാലറ്റും തമ്മിലുള്ള പോരാട്ടമാണെന്ന് തിരഞ്ഞെടുപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചു.

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് ഇന്നലെ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നു. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് സിന്‍ഹ തന്റെ കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടുവെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.

'തിരഞ്ഞെടുപ്പു സമയത്ത് ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നല്‍കേണ്ട ചുമതല നിങ്ങള്‍ക്കാണ്. സ്വതന്ത്രവും സമാധാനപരവുമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പൊലീസും, മജിസ്‌ട്രേറ്റും സംസ്ഥാന സംവിധാനങ്ങളുമെല്ലാം നിങ്ങള്‍ക്കു കീഴിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്ര ഭീകരമായ സംഘര്‍ഷം അരങ്ങേറുന്നത്? മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, നിങ്ങള്‍ നിങ്ങളുടെ കൃത്യ നിര്‍വഹണത്തില്‍ പരാജയപ്പെട്ടിരിക്കുന്നു' ആനന്ദബോസ് പറഞ്ഞു. സംഘര്‍ഷരഹിതമാക്കണം, അല്ലാതെ ബുള്ളറ്റ് പ്രൂഫ് അക്കുകയല്ല വേണ്ടതെന്നും അദേഹം പറഞ്ഞു.

Other News in this category



4malayalees Recommends