12 ലക്ഷത്തിന് സ്ഥലം വിറ്റു ,നാലു മക്കളുമായി പാക്ക് വനിത ഇന്ത്യയില്‍ ; പബ്ജിയിലൂടെയുള്ള പ്രണയം ഒടുവില്‍ പര്യവസാനിച്ചു

12 ലക്ഷത്തിന് സ്ഥലം വിറ്റു ,നാലു മക്കളുമായി പാക്ക് വനിത ഇന്ത്യയില്‍ ; പബ്ജിയിലൂടെയുള്ള പ്രണയം ഒടുവില്‍ പര്യവസാനിച്ചു
പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനെ തേടി പാകിസ്ഥാനില്‍ നിന്ന് 4 കുട്ടികളുമായി എത്തിയ 27കാരിയുടെ അതിസാഹസിക യാത്രക്ക് ഒടുവില്‍ പര്യവസാനം. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിനും ജയിലിലായ സീമ ഹൈദറും സച്ചിന്‍ മീണയും ജയില്‍ മോചിതരായി. അതിസാഹസിക പ്രണയ യാത്രക്കൊടുവില്‍ ഇരുവരും ജീവിതത്തില്‍ പുതിയ അധ്യായം കുറിക്കുകയാണ്. 'ഇന്ത്യ ഇപ്പോള്‍ എന്റേതാണ്' എന്നാണ് ജയിലില്‍ നിന്നും പുറത്തിങ്ങിയ പാക് യുവതി സീമയുടെ പ്രതികരണം.

'എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്, അതിനാല്‍ ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്ന് എനിക്ക് തോന്നുന്നു' സീമ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയാണ് സച്ചിന്‍ മീണയും സീമ ഹൈദറും ജാമ്യം നേടി ജയില്‍ മോചിതരായത്. ഏഴ് വയസ്സിന് താഴെയുള്ള നാല് കുട്ടികളുമായി നേപ്പാള്‍ വഴി വിസയില്ലാതെ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് സീമ ജൂലൈ 4 നാണ് അറസ്റ്റിലായത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

'വളരെ കഠിനവും ഏറെ ശ്രമകരവുമായ യാത്രയായിരുന്നു ഇന്ത്യയിലേക്ക്. ഏറെ പേടിച്ചാണ് പാക്കിസ്ഥാനില്‍ നിന്നും യാത്ര പുറപ്പെട്ടത്. ആദ്യം കറാച്ചിയില്‍ നിന്ന് ദുബായിലേക്ക് പോയി, അവിടെ ഞങ്ങള്‍ 11 മണിക്കൂര്‍ കാത്തിരുന്നു, ഉറങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട് നേപ്പാളിലേക്ക് എത്തി, ഒടുവില്‍ പൊഖാറയിലേക്കുള്ള റോഡ് മാര്‍ഗമെത്തി, ഞാന്‍ സച്ചിനെ കണ്ടത് അവിടെ വെച്ചാണ്, അപ്പോഴാണ് ആശ്വാസമായത് സീമ പറയുന്നു.

കൊവിഡ് കാലത്ത് മൊബൈല്‍ ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ നാല് മക്കളെയും കൂടെക്കൂട്ടി യുവതി പാകിസ്ഥാന്‍ വിടുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ പാകിസ്ഥാന്‍ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കല്‍ പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയുടെ സാഹസിക യാത്ര പുറം ലോകം അറിയുന്നത്.

ഭര്‍ത്താവിന്റെ പീഡനത്തില്‍ സഹികെട്ടാണ് യുവതി കാമുകനെ തേടി ഇന്ത്യയിലേക്ക് പുറുപ്പെട്ടത്. കുട്ടികളുമായി വീടുവിട്ട യുവതി കറാച്ചിയിലെത്തി വിമാനം വഴി ദുബായിയിലെത്തുകയായിരുന്നു. അവിടെനിന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും വിമാനം മാര്‍ഗം എത്തി. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് ബസ് കയറി. നാല് കുട്ടികള്‍ ഒപ്പമുള്ളതിനാല്‍ അതിര്‍ത്തികളിലെ പരിശോധനയിലൊന്നും പൊലീസ് ഇവരെ സംശയിച്ചില്ല. ഇന്ത്യന്‍ വേഷത്തിലായിരുന്നു യാത്ര.

അതിര്‍ത്തി കടന്നതോടെ ദില്ലിയിലെത്താനും ഗ്രേറ്റര്‍ നോയിഡയിലുള്ള 22കാരനായ കാമുകന്റെ സമീപത്തെത്താനും ബുദ്ധിമുട്ടുണ്ടായില്ല. ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. സംശയം തോന്നിയ അഭിഭാഷകന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തുന്നത്. അതിന് മുമ്പേ ഹരിയാനയിലേക്ക് ഇരുവരും തിരിച്ചു. എന്നാല്‍ ബല്ലഭ്ഗഢില്‍ വെച്ച് ഇരുവരും പിടിയിലായി. ബസില്‍വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യാത്രക്കായി സിന്ധ് പ്രവിശ്യയിലെ ഖൈര്‍പൂരിലുള്ള തന്റെ മാതാപിതാക്കളുടെ വീട് 12 ലക്ഷം രൂപയ്ക്ക് വിറ്റെന്നും യുവതി പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends