മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ വീട് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധവുമായി ബ്രാഹ്മിണ്‍ സമാജ്.
പ്രതിയുടെ വീട് പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണ കാമ്പയിന്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
സംഘടനയുടെ നേതൃത്വത്തില്‍ കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്ന് ബ്രാഹ്മിണ്‍ സമാജ് സംസ്ഥാന അധ്യക്ഷന്‍ പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു. പ്രവേഷിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തിയില്‍ അദ്ദേഹത്തിന്റെ കുടുംബം എന്തിനാണ് പ്രയാസം അനുഭവിക്കുന്നത്. നിലവില്‍ 51000 രൂപയുടെ ധനസഹായം കുടുംബത്തിന് കൈമാറിയിട്ടുണ്ട്. വീടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ തുക ജനങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവേഷ് ശുക്ലയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുള്ള മകളും ഇവിടെയായിരുന്നു താമസം. അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടി. വലിയ പൊലീസ് സന്നാഹത്തോടെ രണ്ട് ജെസിബികളുമായി എത്തിയാണ് ജില്ലാ ഭരണകൂടം വീടിന്റെ ഭാഗം പൊളിച്ചുനീക്കിയത്.
അതിനിടെ വീട് പ്രവേഷിന്റെയോ അദ്ദേഹത്തിന്റെ പിതാവിന്റെയോ പേരിലല്ലെന്ന് ചൂണ്ടിക്കാട്ടി പ്രവേഷിന്റെ ഭാര്യ രംഗത്തെത്തി. തന്റെ മുത്തശ്ശി നിര്‍മ്മിച്ച വീടാണ് നിലവില്‍ അധികൃതര്‍ പൊളിച്ചുമാറ്റിയതെന്ന് അവര്‍ ആരോപിച്ചു. വീട് തകര്‍ത്തതിനോട് യോജിപ്പില്ലെന്നും മകനെതിരായ നിയമ നടപടിയില്‍ തെറ്റില്ലെന്നും പിതാവ് രാമകാന്ത് ശുക്ലയും പ്രതികരിച്ചു.