തന്റെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ വിട്ടയക്കണം; സംഭവം നടന്നത് 2020ല്‍, ആരാണെന്ന് പോലും കണ്ടില്ല; കേസിലെ ഇരയുടെ വെളിപ്പെടുത്തല്‍

തന്റെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ വിട്ടയക്കണം; സംഭവം നടന്നത് 2020ല്‍, ആരാണെന്ന് പോലും കണ്ടില്ല; കേസിലെ ഇരയുടെ വെളിപ്പെടുത്തല്‍
മധ്യപ്രദേശില്‍ ആദിവാസി തൊഴിലാളിയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ ഇര. പ്രാഥമിക അന്വേഷണത്തില്‍ താന്‍ അധികാരികളോട് കള്ളം പറഞ്ഞെന്നുവെന്നാണ് ഇരയായ ദഷ്മത് റാവത്ത് പറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ഒരാള്‍ ആദിവാസി തൊഴിലാളിയുടെ മേല്‍ മൂത്രമൊഴിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തിന് പിന്നാലെ തൊഴിലാളിയുടെ മേല്‍ മൂത്രമൊഴിച്ച പ്രവേഷ് ശുക്ല എന്നയാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിലാണ് ഇരയായ ദഷ്മത് റാവത്ത് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ വീഡിയോയിലുളള വ്യക്തി താനല്ലെന്ന് കളക്ടറോട് കള്ളം പറഞ്ഞിരുന്നു എന്നും ദഷ്മത് റാവത്ത് പറഞ്ഞു. 2020ലാണ് സംഭവം നടന്നതെന്നും ആ സമയത്ത് താന്‍ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പരാമര്‍ശത്തിലുണ്ട്.

സംഭവം നടന്നത് 2020 ലാണ്. അന്ന് ഞാന്‍ മദ്യപിച്ചിരുന്നു, എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു. എന്റെ മേല്‍ മൂത്രമൊഴിച്ച വ്യക്തി ആരാണെന്ന് പോലും ഞാന്‍ കണ്ടില്ല' ദഷ്മത് റാവത്ത് പറഞ്ഞു. 'വീഡിയോ വൈറലായപ്പോള്‍ എന്നെ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് കളക്ടറുടെ അടുത്തേക്കും കൊണ്ടുപോയി. വീഡിയോയിലുളളത് ഞാനല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് കള്ളം പറഞ്ഞു. എന്നാല്‍ പ്രതി പ്രവേഷ് ശുക്ല തന്നെ കുറ്റം സമ്മതിച്ചപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചു – എന്നാണ് ദഷ്മത് റാവത്ത് പറയുന്നത്.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്നും ദഷ്മത് റാവത്ത് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends