കുട്ടികളില്ലത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കിയ അയല്‍ക്കാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാന ജില്ലയിലെ താബ്രിയിലാണ് സംഭവം. താബ്ര സ്വദേശികളായ സുരീന്ദര്‍ കൗര്‍ (70), ഭര്‍ത്താവ് ചമന്‍ ലാല്‍(75), ഭര്‍തൃമാതാവ് സൂര്‍ജിത്(90) എന്നിവരെയാണ് അയല്‍ക്കാരനായ റോബിന്‍ എന്ന യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലി കൊല്ലപ്പെട്ട കുടുംബം റോബിനെ നിരന്തരം കളിയാക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുണ്ടാകാന്‍ ചികിത്സ തേടണമെന്നും കൊല്ലപ്പെട്ട സുരീന്ദര്‍ കൗര്‍ റോബിനോട് പറയാറുണ്ടായിരുന്നു. റോബിനെ ഭാര്യയുടെ മുന്നില്‍വെച്ചും കുട്ടികളില്ലാത്തതിനെ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
ഇക്കാര്യം റോബിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിങ് പറഞ്ഞു. കളിയാക്കല്‍ രൂക്ഷമായതോടെ വ്യാഴാഴ്ച സുരീന്ദര്‍ കൗറിന്റെ വീട്ടിലെത്തിയ റോബിന്‍ മൂന്നുപേരെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൂട്ടിക്കിടന്ന വീട് വെള്ളിയാഴ്ചയും തുറക്കാതായതോടെ പാല്‍ക്കാരനാണ് അയല്‍വാസികളെ വിവരമറിയിക്കുന്നത്. നാട്ടുകാരെത്തി വീട് കുത്തിത്തുറന്ന് അകത്ത് കയറിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അറസ്റ്റിലായ റോബിന്‍ കൊലപാതകം ചെയ്തതായി സമ്മതിച്ചു. കൊലപാതക്തിന് ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ടവരുടെ ഫോണുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തന്നെ അറസ്റ്റ് ചെയ്താല്‍ ഭാര്യയെ നോക്കാന്‍ ആരുമുണ്ടാകില്ലെന്നും അതിനാല്‍ ഭാര്യയെയും തന്നോടൊപ്പം അറസ്റ്റ് ചെയ്യണമെന്നും റോബിന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഓട്ടോ ഡ്രൈവറാണ് റോബിന്‍.