വേര്‍പിരിഞ്ഞ ശേഷം മുന്‍ ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്കും ജീവനാംശം നല്‍കണം; ഉത്തരവിട്ട് മുംബൈ കോടതി

വേര്‍പിരിഞ്ഞ ശേഷം മുന്‍ ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്കും ജീവനാംശം നല്‍കണം; ഉത്തരവിട്ട് മുംബൈ കോടതി
വേര്‍പിരിഞ്ഞ ശേഷം മുന്‍ഭാര്യയ്ക്ക് ജീവനാംശത്തിനൊപ്പം വളര്‍ത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി നല്‍കണമെന്ന് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്.

വളര്‍ത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക ഈടാക്കരുതെന്നാവശ്യപ്പെട്ട് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഉണ്ടാകുന്ന വൈകാരിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ നായ്ക്കളെ പരിപാലിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

1986ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഇവര്‍ക്ക് 2 പെണ്‍മക്കളുണ്ടെങ്കിലും വിദേശത്താണ്. തനിക്ക് ജീവിക്കാനാവശ്യമായ തുകയും അടിസ്ഥാന സൗകര്യവും ഒരുക്കാമെന്ന വാക്ക് ഭര്‍ത്താവ് പാലിച്ചില്ലെന്നും ഗാര്‍ഹിക പീഡനം നേരിട്ടെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞു. പ്രതിമാസം 70,000 രൂപ ജീവനാംശം വേണമെന്നും ഭാര്യ കോടതിയെ അറിയിച്ചു.

തനിക്ക് മറ്റു വരുമാന മാര്‍ഗങ്ങളില്ലെന്നും അസുഖ ബാധിതയാണെന്നും ഒപ്പം മൂന്ന് റോട്ട്‌വീലര്‍ നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി നിര്‍ദേശിച്ചു.

Other News in this category



4malayalees Recommends