വംശീയ കലാപത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എം പി. ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് എ എ റഹിം കത്തയച്ചു.
കലാപത്തെതുടര്‍ന്ന് മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.ക്യാമ്പസിനകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ നിരവധിയായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. അക്രമി സംഘങ്ങള്‍ സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും പഠനോപകരണങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി .
ഇന്റര്‍നെറ്റ് വിച്ഛേദമടക്കമുള്ള കാരണങ്ങള്‍ മൂലം പഠനം തുടരാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതേ തുടന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ അവരവരുടെ സ്വന്തം സംസ്ഥാനങ്ങളിലും വീടുകളിലും അഭയം തേടിയിട്ടുണ്ട്.
വംശീയ കലാപം മൂലം താറുമാറായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പുന: ക്രമീകരിക്കാനാവശ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തെ മറ്റു കേന്ദ്ര സര്‍വ്വകലാശാലകളില്‍ അവര്‍ക്ക് വിദ്യാഭ്യാസം തുടരാനാവശ്യമായ സജീകരണങ്ങള്‍ നടത്തണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.