വിഗ്രഹത്തിന്റെ കാല്‍ക്കല്‍ പത്ത് രൂപ നോട്ട് സമര്‍പ്പിച്ച് ഭണ്ഡാരത്തില്‍ നിന്ന് 5,000 മോഷ്ടിച്ച് കള്ളന്‍

വിഗ്രഹത്തിന്റെ കാല്‍ക്കല്‍ പത്ത് രൂപ നോട്ട് സമര്‍പ്പിച്ച് ഭണ്ഡാരത്തില്‍ നിന്ന് 5,000 മോഷ്ടിച്ച് കള്ളന്‍
=ഹനുമാന്‍ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ പത്ത് രൂപയുടെ നോട്ട് സമര്‍പ്പിച്ച് ഭണ്ഡാരത്തില്‍ നിന്ന് 5,000 രൂപ മോഷ്ടിക്കുന്ന കള്ളന്റെ വീഡിയോ വൈറലായി. ഹരിയാനയിലുള്ള റെവാരി ജില്ലയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പൈസ മോഷ്ടിക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹനുമാന്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് മോഷ്ടാവ് പോകുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. മറ്റ് ഭക്തര്‍ വന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മോഷ്ടാവും കൂടെ ഇരുന്നു കൊണ്ട് ഏകദേശം 10 മിനിറ്റോളം ഹനുമാന്‍ ചാലിസ വായിക്കുന്നതായി കാണാം.

തുടര്‍ന്ന് പൂജാരിയുടെ സാന്നിധ്യത്തില്‍ ഹനുമാന്റെ കാല്‍ക്കല്‍ മോഷ്ടാവ് 10 രൂപ സമര്‍പ്പിക്കുന്നതും ക്യാമറയില്‍ കാണാം. പിന്നീട് ശ്രീകോവിലില്‍ പരിസരത്ത് ആരുമില്ലാത്ത സമയത്ത് കള്ളന്‍ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് 5000 രൂപയുമായി രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്നതറിയാതിരുന്ന പൂജാരി അന്ന് രാത്രി ക്ഷേത്രവാതില്‍ അടച്ച് പോവുകയും ചെയ്തു.

പിറ്റേന്ന് രാവിലെ ക്ഷേത്രത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഹനുമാന്‍ ചാലിസ ചൊല്ലുന്നതും മോഷണം നടത്തുന്നതിന് മുമ്പ് പണം അര്‍പ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ കണ്ടെത്തി. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends