ഒഡീഷയില്‍ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ബന്ധുവായ വ്യക്തിയുമായി മകള്‍ ബന്ധം സ്ഥാപിച്ചതില്‍ കുടുംബത്തിലുള്ളവര്‍ക്കുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഒഡീഷയിലെ കലാന്ദി ജില്ലയിലെ ധരംഗര്‍ ഗ്രാമത്തിലാണ് സംഭവം.
ഇരുപതുകളില്‍ മാത്രം പ്രായമുള്ള കമിതാക്കളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ ജൂലൈ 9നാണ് കണ്ടെത്തിയത്.
കൊലപാതകത്തില്‍ യുവതിയുടെ പിതാവിനു പിന്നാലെ മറ്റു രണ്ടു ബന്ധുക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളായ യുവതിയും യുവാവും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇവരുടെ ബന്ധം വീട്ടുകാര്‍ അറിഞ്ഞത്. ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം പെണ്‍കുട്ടിയുടെ സമുദായം അനുവദിക്കാത്തതിനാല്‍ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു. എന്നിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. ജൂണ്‍ 30ന് ഇരുവരേയും വീടുകളില്‍ നിന്ന് കാണാതായി. അന്വേഷണത്തില്‍ രാത്രിയോടെ കരിമ്പു പാടത്ത് കണ്ടെത്തി. തുടര്‍ന്ന് അടുത്തുള്ള ശ്മശാനത്തിലേക്ക് ഇരുവരേയും കൊണ്ടുപോകുകയും പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ഇരുവരേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി അച്ഛന്‍ അന്നു തന്നെ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതിയും നല്‍കിയിരുന്നു.