ബഹ്‌റൈനില്‍ പുതിയ തൊഴില്‍ നയം; രാജ്യത്തിന്റെ സമഗ്ര വികസനവും പൗരന്മാര്‍ക്ക് തൊഴിലവസരങ്ങളും ലക്ഷ്യം
രാജ്യത്ത് പുതിയ തൊഴില്‍ നിയമം നടപ്പാക്കുമെന്ന് ബഹ്‌റൈന്‍ തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍. രാജ്യത്തിന്റെ സമഗ്ര വികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് അനുകൂലമായ രീതിയിലുമായിരിക്കും പുതിയ തൊഴില്‍ നിയമം. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രധാനം ചെയ്യണമെന്ന പ്രധാനമന്ത്രി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ താത്പര്യത്തെ തുടര്‍ന്നാണ് നയം നടപ്പിലാക്കുന്നത്. 2023-2026 ലെ നാഷണല്‍ ലേബര്‍ മാര്‍ക്കറ്റ് പ്ലാനിന് കാബിനറ്റ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രിയുടെ പ്രസ്താവന. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായ മന്ത്രാലയം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, എല്‍എംആര്‍എ, ലേബര്‍ ഫണ്ട്, സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്‍, ഇന്‍ഫോര്‍മേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസം പുനര്‍ നിര്‍ണയിക്കാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഇ ഗവണ്‍മെന്റ് അതോറിറ്റി, എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ക്വാളിറ്റി അതോറിറ്റി എന്നിവയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനും സഹായിക്കും. പദ്ധതി സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. തൊഴില്‍ വിപണിയില്‍ സ്ത്രീകളെ കൂടുതലായി എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. നൂതന സാങ്കേതിക പരിശീലനത്തിനും അവസരമൊരുക്കും. തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ക്കനുസൃതമായി സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സാങ്കേതികവും പ്രായോഗികവുമായ കോഴ്‌സുകള്‍ ഉള്‍ക്കൊള്ളുന്ന പരിശീലന ഓപ്ഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കും.