9 മാസം പ്രായമുള്ള പുലിയെ ബൈക്കിന്റെ പിന്നില്‍ കെട്ടി യുവാവ് വനം വകുപ്പ് ഓഫീസിലെത്തിച്ചു. ഹസന്‍ ജില്ലയില്‍ ബഗിവാലൂ ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ വനം വകുപ്പ് ഓഫീസിലെത്തിച്ചത്.
ഫാമില്‍ വച്ച് പുലി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് പുലിയെ പിടിച്ചുകെട്ടിയതെന്ന് മുത്തു പറഞ്ഞു. പുലിയുടെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയാണ് മുത്തു വനം വകുപ്പിനെ ഏല്‍പ്പിച്ചത്. പുലിയുമായുണ്ടായ മല്‍പിടിത്തത്തില്‍ മുത്തുവിന്റെ കൈക്ക് നിസാര പരിക്കേറ്റു.
സ്വയ രക്ഷക്കാണ് മുത്തു പുലിയെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വേണ്ടത്ര ധാരണയില്ലാത്തതിനാല്‍ തെറ്റായി കൈകാര്യം ചെയ്‌തെങ്കിലും ഉദ്ദേശ്യം നല്ലതായിരുന്നുവെന്നാണ് മനസിലാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പുലി ക്ഷീണിതനാണെന്നും എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.