കാമുകനെ തേടി സീമ ഹൈദറെന്ന പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. ഇതിനിടെ ഇവര്‍ ഇന്ത്യയിലെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ ഉടമ. സീമ ഹൈദറും ഇന്ത്യന്‍ പങ്കാളി സച്ചിന്‍ മീണയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരില്‍ ആയിരുന്നെന്ന് ഹോട്ടല്‍ ഉടമ പ്രതികരിച്ചു. 'ശിവന്‍ഷ്' എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടലിലേക്ക് വന്നതും പോയതും ഇരുവരും രണ്ടായിട്ട് ആണെന്നും ഉടമ ഗണേഷ് പറഞ്ഞു.
'ഭാര്യ'യോടൊപ്പം താമസിക്കുന്നുവെന്നു കാട്ടി മുന്‍കൂട്ടി സച്ചിന്‍ മുറി ബുക്ക് ചെയ്തിരുന്നു. സച്ചിനാണ് ആദ്യം എത്തിയത്. സീമ അടുത്തദിവസമാണ് വന്നത്. മുറി വിട്ടപ്പോഴും രണ്ടുപേരും രണ്ടായാണ് പോയത്. അന്നു കുട്ടികള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ഇന്ത്യന്‍ കറന്‍സിയായ രൂപ ഉപയോഗിച്ചാണ് സച്ചിന്‍ മുറിയെടുത്തത്'' – ഗണേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സീമ ഹൈദര്‍ പാക്കിസ്ഥാന്റെ ചാരവനിതയാണെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെ ചൊവ്വാഴ്ച യുപി പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) 12 മണിക്കൂര്‍ നേരം സീമയെ ചോദ്യം ചെയ്തിരുന്നു. നേപ്പാളിലൂടെ ഇന്ത്യയിലെത്തിയത് എങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് വിവരം. സച്ചിനെയും പിതാവ് നേത്രപാല്‍ സിങ്ങിനെയും നോയിഡയിലെ എടിഎസ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. രാവിലെ 10ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി വരെ തുടര്‍ന്നു.
കാമുകനെ കാണാനാണ് ഇന്ത്യയില്‍ എത്തിയതെന്ന നിലപാടാണ് സീമ ചോദ്യംചെയ്യലില്‍ സ്വീകരിച്ചിരിക്കുന്നത്. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള വിവരങ്ങള്‍വച്ച് സീമയുടെ മൊഴി എടിഎസ് പരിശോധിക്കുകയാണ്. മൊബൈല്‍ ഫോണും മറ്റും എടിഎസിന്റെ കൈവശമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ മീണയുമായി പ്രണയത്തിലായ സീമ ഹൈദര്‍ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള സീമ 2014ല്‍ വിവാഹശേഷം കറാച്ചിയില്‍ താമസിക്കുകയായിരുന്നു. നേപ്പാള്‍ വഴി നാലു കുട്ടികളുമായാണ് അവര്‍ ഇന്ത്യയിലേക്കു കടന്നത്.