തിരക്കുള്ള റോഡില്‍ ബൈക്കില്‍ കമിതാക്കളുടെ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്

തിരക്കുള്ള റോഡില്‍ ബൈക്കില്‍ കമിതാക്കളുടെ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്
തിരക്കുള്ള റോഡില്‍ ബൈക്കില്‍ സാഹസിക സ്‌നേഹപ്രകടനം നടത്തിയ കമിതാക്കള്‍ക്ക് പിഴയിട്ട് പോലീസ്. അപകടമായ രീതിയില്‍ ബൈക്ക് ഓടിച്ചെന്ന് കാണിച്ച് കാമുകികാമുകന്‍മാരില്‍ നിന്നും 11,000 രൂപ ഡല്‍ഹി പോലീസ് പിഴയീടാക്കുകയായിരുന്നു.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുക, ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങ്, അപകടകരമായി വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. ഇവയ്‌ക്കെല്ലാം ചേര്‍ത്താണ് 11,000 രൂപ പിഴയൊടുക്കാന്‍ പോലീസ് ചെല്ലാന്‍ നല്‍കിയത്.

ബൈക്ക് ഓടിക്കുന്നയാളുടെ മുന്നിലെ ബൈക്കിന്റെ ടാങ്കില്‍ ഡ്രൈവറിന് അഭിമുഖമായി ഇരുന്ന് യുവതി അയാളെ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഈ സാഹസിക യാത്ര ചെയ്ത കമിതാക്കളുടെ സിനിമാ സ്‌റ്റൈല്‍ റൈഡ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പോലീസ് ഇവരെ കണ്ടെത്തി പിഴയിട്ടത്. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ സമീപകാലത്താണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്.

അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് 11,000 രൂപ പിഴ നല്‍കിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി പോലീസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വിഡ്ഢിത്തം കാണിച്ച് സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് പോലീസ് ഉപദേശിക്കുന്നുമുണ്ട്. ജൂലായ് 16നാണ് ഈ സംഭവം നടക്കുന്നതെന്നാണ് വിവരം.

ഡല്‍ഹിയിലെ മംഗല്‍പുരിയിലെ ഔട്ടര്‍ റിങ്ങ്‌റോഡ് ഫ്‌ളൈഓവറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Other News in this category



4malayalees Recommends