മണിപ്പൂരില്‍ നടക്കുന്നത് അമിത് ഷാ അറിഞ്ഞില്ലേ, പ്രധാനമന്ത്രി 'ഞെട്ടാന്‍' വൈകിയത് എന്താണ് ? പരിഹാസവുമായി കോണ്‍ഗ്രസ്
മെയ് നാലിന് മണിപ്പൂരില്‍ നടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിഞ്ഞിരുന്നില്ലേയെന്ന് കോണ്‍ഗ്രസ്. മൂന്ന് ദിവസം മണിപ്പൂരില്‍ താമസിച്ചിട്ടും ആരും ഇക്കാര്യങ്ങള്‍ പറഞ്ഞു തന്നില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ചോദിച്ചത്. മെയ് 29ന് മണിപ്പൂരിലെത്തിയ അമിത് ഷാ ജൂണ്‍ രണ്ട് വരെ അവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവരങ്ങള്‍ അമിത് ഷാ അറിഞ്ഞിരുന്നെങ്കില്‍ പ്രധാനമന്ത്രിയോട് അന്ന് തന്നെ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നിട്ടും പ്രധാനമന്ത്രി 'ഞെട്ടാന്‍' വൈകിയത് എന്തെന്നും തിവാരി ചോദിച്ചു.
'രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പരസ്യമായി പരേഡ് നടത്തിയ ദാരുണമായ സംഭവം അമിത് ഷായോടോ മുഖ്യമന്ത്രി ബിരേന്‍ സിംഗിനോടോ ആരും പറയാതിരുന്നത് എന്താണ്. രാജ്യത്തൈ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് എന്താണ് പണി, അവരിതൊന്നും അറിയുന്നില്ലേ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരങ്ങളൊന്നും നല്‍കുന്നില്ലേ? മണിപ്പൂര്‍ ഗവര്‍ണറും മറ്റുള്ളവരും വിവരങ്ങള്‍ അമിത് ഷായില്‍ നിന്നും മറച്ചു വെച്ചതാണോ? സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര സര്‍ക്കാരിന് താക്കീത് നല്‍കിയപ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്'. പ്രമോദ് തിവാരി പറഞ്ഞു.